മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഹൈദരാബാദിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി നടത്തിയ ഈ അപ്രതീക്ഷിത പ്രസ്താവന ഇന്ത്യൻ സ്വർണവിപണിയെയും ഓഹരിവിപണിയെയും ഒരുപോലെ ഉലച്ചു. ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ഇടിഞ്ഞു.
ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതാണ് ഇന്ത്യയെ കടുത്ത നടപടികളിലേക്കു നീങ്ങാൻ പ്രേരിപ്പിക്കുന്നത്. എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ ഡോളർ ചെലവാക്കേണ്ടിവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നതിനാലാണ് സ്വർണ ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ വർധിപ്പിക്കുമെന്ന ആശങ്കയും വിപണിയിൽ ശക്തമാണ്. എന്നാൽ, സ്വർണത്തിന്റെയും വെള്ളിയുടെയും തീരുവ വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. അതേസമയം രൂപയുടെ മൂല്യം റിക്കാർഡ് ഇടിവിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ഡോളറിനെതിരേ 95.31 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം രീതി നടപ്പാക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രധാനമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. ഇന്ധന വിതരണക്കാർക്ക് ഒരു ലിറ്റർ ഡീസലിന് 100 രൂപയും പെട്രോളിന് 20 രൂപയും എന്ന നിരക്കിൽ നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിപണിയിലെ ഈ അനിശ്ചിതത്വം ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.